02:37pm 10 November 2026
NEWS
ദേശീയ സംരക്ഷണരീതികൾ മെച്ചപ്പെടുത്താൻ സിഎംഎഫ്ആർഐയിൽ പാനൽ ചർച്ച
13/07/2025  05:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ സംരക്ഷണരീതികൾ മെച്ചപ്പെടുത്താൻ സിഎംഎഫ്ആർഐയിൽ പാനൽ ചർച്ച
HIGHLIGHTS

 തിമിം​ഗല സ്രാവ് 

കൊച്ചി: ലോക സ്രാവ് ബോധവൽകരണ ദിനത്തിൽ അവയുടെ സംരക്ഷണം ഊർജിതമാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ദേശീയ തലത്തിൽ നയരൂപീകരണം, ശാസ്ത്രം, നിയമപാലനം എന്നിവയിൽ സഹകരണം ലക്ഷ്യമിട്ട് വിവിധ ഏജൻസികളുടെ പങ്കാളിത്തത്തിൽ ശിൽപശാലയും പാനൽ ചർച്ചയും നാളെ (ജൂലൈ 14-തിങ്കൾ) സിഎംഎഫ്ആർഐയിൽ നടക്കും. ഫിഷറീസ് മാനേജ്മെന്റ്, വ്യാപാര നിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം, തീരനിയമപാലനം എന്നീ മേഖലയിലെ വിദ​ഗ്ധർ ചർച്ചകൾ നയിക്കും. 

സിജിഎസ്ടി ആന്റ് കസ്റ്റംസ് ചീഫ് കമ്മീഷണർ ഷെയ്ക്ക് ഖാദർ റഹ്മാൻ രാവിലെ 9.30 ന്  ഉദ്ഘാടനം ചെയ്യും. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്  അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, ഫോറസ്റ്റ്, സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ഇന്ദു വിജയൻ എൻ തുടങ്ങിയവർ സംബന്ധിക്കും. 

സംസ്ഥാന ഫിഷറീസ്-വന്യജീവി വകുപ്പുകൾ, കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, നാവികസേന, വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ എന്നിവയിലെ ഉദ്യോ​ഗസ്ഥർ, 
കയറ്റുമതി, എൻജിഒ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 

കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കൂടുതൽ സ്രാവിനങ്ങളെ ഉൾപെടുത്തി ഇന്ത്യ ഈയിടെ സംരക്ഷിത പട്ടിക വി​കസിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ സ്രാവ് സംരക്ഷണ ചർച്ചകൾക്ക് പ്രാധാന്യമേറെയാണ്. സമുദ്ര ആവാസവ്യവസ്ഥയിൽ സ്രാവുകളുടെ പ്രാധാന്യവും അവ നേരിടുന്ന ഭീഷണികളും ശിൽപശാലയിൽ ചർച്ചയാകും. 

സ്രാവ് സംരക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നിയമവശങ്ങളെ കുറിച്ചുള്ള ബോധവൽകരണം, വിവിധ സ്രാവിനങ്ങളെ തിരിച്ചറിയാനുള്ള നൈപുണ്യവികസനം, കയറ്റുമതി അനുമതിക്ക് ആവശ്യമായ ശാസ്ത്രാധിഷ്ടിത കണ്ടെത്തലുകളുടെ ( നോൺ ഡെട്രിമെന്റൽ ഫൈൻഡിങ്) വിലയിരുത്തൽ, മെച്ചപ്പെട്ട വ്യാപാര നിരീക്ഷണ രീതികൾ ആവിഷ്കരിക്കൽ എന്നിവയാണ് ശിൽപശാലയുടെ ലക്ഷ്യം. 

വംശനാശഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാര കൺവെൻഷനാണ് (സൈറ്റിസ്-കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡാൻജേർഡ് സ്പീഷീസ് ഓഫ് വൈൽഡ് ഫോന ആന്റ് ഫ്ളോറ) സമുദ്രയിനങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്നത്. കയറ്റുമതിയും ഇറക്കുമതിയും സൈറ്റിസ് പട്ടികയിലുൾപ്പെട്ട ഇനങ്ങളുടെ നിലനിൽപിന് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് ഈ നിയന്ത്രണം. 

നാൽപതിലധികം സ്രാവ്-തിരണ്ടി ഇനങ്ങൾ നിലവിൽ സൈറ്റിസ് പട്ടികയിലുണ്ട്. 
ഇവയെ കുറിച്ചുള്ള അവബോധവും വ്യാപാര-പരിപാലനരം​ഗത്തെ വിവിധ ഏജൻസികളുടെ ഏകോപനവും സംരക്ഷണരീതികൾ മെച്ചപ്പെടുത്താൻ ആവശ്യമാണെന്ന് സിഎംഎഫ്ആർഐ ഫിൻഫിഷ് ഫിഷറീസ് വിഭാ​ഗം മേധാവി ഡോ ശോഭ ജോ കിഴക്കൂടൻ പറഞ്ഞു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img